Sunday, February 3, 2013

2013ല്‍ നിരാശയോടെ മലയാള സിനിമ



        2013ല്‍ മലയാള സിനിമയ്ക്ക് നിരാശാജനകമായ തുടക്കം. മലയാളിക്ക് റിയാളിസ്റിക് സിനിമ പരിചയപ്പെടുത്തിയ രാജീവ്‌ രവിയുടെ ആദ്യ സംവിധാന സംരംഭമായ "അന്നയും റസൂലും" പ്രേക്ഷക മനസ്സും നിരൂപക മനസ്സും ഒരു പോലെ കീഴടക്കി മുന്നേറിയപ്പോള്‍, പുതുമുഖ സംവിധായകന്‍ ഗിരീഷിന്‍റെ "നീ കോ ഞാ ചാ" യുവാക്കളിലും യുവതികളിലും ട്രെന്‍ഡ് സെറ്റര്‍ ആയി മാറി. പുതിയ രീതിയിലുള്ള പരീക്ഷണങ്ങള്‍ ഇരുകൈ നീട്ടി സ്വീകരിക്കുന്ന മലയാളി ഇവിടെയും അക്കാര്യത്തില്‍ പിശുക്ക് കാട്ടിയില്ല എന്ന് പറയാം.


        പുതുമയുള്ള ചിത്രങ്ങള്‍ക്കിടയിലും നിരാശ സമ്മാനിക്കുന്നത് 

താര രാജാക്കന്മാരുടെ ചിത്രങ്ങളാണ്. ഉദയന്‍ സിബി ടീമിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി-ദിലീപ് കൂട്ടുകെട്ടില്‍ തോംസണ്‍ കീ തോമസ്‌ ഒരുക്കിയ "കമ്മത്ത് & കമ്മത്ത്" എന്നാ ചിത്രത്തിലെ പ്രധാന വില്ലന്‍ തിരക്കഥ തന്നെ. കൊങ്ങിണി കലര്‍ന്ന മലയാള ഭാഷ സംസാരിക്കുന്നതില്‍ മമ്മൂട്ടിയോട് മത്സരിച്ചു തോറ്റ ദിലീപ് രണ്ടാം വില്ലനും. ലോജിക്കില്‍ പലയിടത്തും കഥ വന്‍ പരാജയമാണ്. നിലവാരം തീരെ കുറഞ്ഞ തമാശകളും ഓരോ ഡയലോഗിനു ശേഷവുമുള്ള 'കൊടുക്കാം' വാക്കിന്റെ ആവര്‍ത്തനവും സിനിമയുടെ കാഴ്ച വിരസമാക്കുന്നു. കാണുമ്പോള്‍ ഒരു ട്വിസ്റ്റും തോന്നാത്ത സീനുകളില്‍ ട്വിസ്റ്റ്‌ അടിചെല്‍പ്പിക്കുന്ന പ്രവണതയും സിനിമയുടെ പരാജയ കാരണമാണ്. ധനുഷ് സിനിമയിലുള്ളത് ധനുഷിന്‍റെ ആരാധകരെ പോലും അരിശം കൊള്ളിക്കും. ചുരുക്കത്തില്‍ ഒട്ടും രസിപ്പിക്കാത്ത ഒരു ഫ്ലോപ്പാണ് "കമ്മത്ത്".
      
      മോഹന്‍ലാലിന്റെ ആദ്യ 2013 റിലീസായ "ലോക്പാലിന്‍റെ" സ്ഥിതിയും വ്യത്യസ്തമല്ല. തന്‍റെ കാലം കഴിഞ്ഞു എന്ന് വീണ്ടും തെളിയിച്ചു കൊണ്ടാണ് എസ്. എന്‍, സ്വാമി ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോഷിയുടെ സംവിധാന മികവിന് പോലും ചിത്രത്തെ രക്ഷിക്കാനായില്ല. നാടുവാഴികള്‍ എന്ന തകര്‍പ്പന്‍ ലാല്‍ ഹിറ്റിന് ശേഷം ഈ മൂവര്‍ ആവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രേക്ഷക പ്രതീക്ഷ മുഴുവന്‍ ചിത്രം തകിടം മറിച്ചു. തീരെ ഹരം കുറഞ്ഞ ക്ലൈമാക്സാണ് പ്രേക്ഷകന്‍റെ ക്ഷമ പരീക്ഷിച്ചത്. സിനിമ കണ്ടിറങ്ങുമ്പോള്‍ തലയില്‍ ഒരു മരവിപ്പാണ് എനിക്ക് അനുഭവപ്പെട്ടത്.(ഒരു മോഹന്‍ലാല്‍ ഫാന്‍ ആയിട്ട് കൂടി.)
      
      എങ്കിലും റിലീസിന് തയാറെടുക്കുന്ന ഒരുപിടി ചിത്രങ്ങള്‍ പ്രതീക്ഷ തരുന്നു. ഫഹദിന്‍റെയും ദുല്‍ക്കറിന്‍റെയും സിനിമകളും മമ്മൂക്കയുടെ "ഇമ്മാനുവേലും" ലാലേട്ടന്‍റെ "റെഡ് വൈനും" പ്രതീക്ഷ നല്‍കുന്നുണ്ട്. വ്യത്യസ്തത നിറഞ്ഞ ചിത്രങ്ങള്‍ മലയാളത്തിനു കൈനിറയെ ഉണ്ടാവട്ടെ.  പഴയ വീഞ്ഞ് പുതിയ കുപ്പികളിലൂടെ നമ്മെ തേടിയെത്താതിരിക്കട്ടെ.

0 comments:

Post a Comment