Saturday, March 2, 2013

ഷട്ടര്‍



ഒരു ലളിതമായ കഥ. ഒരു ചെറിയ സംഭവം. ഒരു പക്ഷെ വളരെ സൂക്ഷ്മതയോടെ എടുത്തിരുന്നില്ലെങ്കില്‍ പാളിപ്പോയേക്കാവുന്ന ഒരു വിഷയം. പക്ഷെ മികച്ച അവതരണത്തിന്‍റെ വിജയം. അതാണ്‌ ഷട്ടര്‍..  ഒരു പറ്റം മനുഷ്യരുടേയും  ചില വികാരങ്ങളുടെയും കഥ പറയുന്നു ഈ സിനിമ. കോഴിക്കോടിന്‍റെ പശ്ചാത്തലവും തനതായ കോഴിക്കോടന്‍ ഭാഷയും സിനിമയുടെ മാധുര്യമേറ്റുന്നു.

ഷട്ടര്‍ നാല് മനുഷ്യരുടെ കഥയാണ്. മനോഹരന്‍( എന്ന സംവിധായകന്‍((((, സുരന്‍ എന്ന ഓട്ടോ ഡ്രൈവര്‍, റഷീദ് എന്ന പ്രവാസി, പിന്നെ പേരറിയാത്ത ഒരു അഭിസാരിക, ഇവര്‍ക്ക് ചുറ്റുമാണ് കഥയുടെ സഞ്ചാരം. മനോഹരനെ ശ്രീനിവാസനും റഷീദിനെ ലാലും സുരനെ വിനയ് ഫോര്‍ട്ടും അഭിസാരികയെ സജിത മഠത്തിലും അനശ്വരമാക്കിയിരിക്കുന്നു. ചിത്രത്തിലെ കാസ്റ്റില്‍ ഒരാളെങ്കിലും മാറിയിരുന്നെങ്കിലത്തെ കാര്യം ചിന്തിക്കാന്‍ കൂടി പ്രയാസം.

റഷീദ് ഒരു സാധാരണ ഗള്‍ഫ്‌കാരനാണ്. അയാള്‍ക്ക് ഒരു പറ്റം സുഹൃത്തുക്കള്‍. ഉണ്ട്. മദ്യപിക്കാനും അയാളുടെ കാശ് കണ്ട് പുകഴ്ത്താനും മാത്രം. അങ്ങനെ ഒരു ദിവസം ഒരാവേശത്തിന്‍റെ പുറത്ത് സ്വന്തം കടമുറിയിലേക്ക് ഒരഭിസാരികയെ കൂട്ടിക്കൊണ്ടു വരുന്നിടത്താണ് കഥയുടെ വഴിത്തിരിവ്. ഷട്ടര്‍ പുറത്തു നിന്ന് പൂട്ടി പോകുന്ന സുരന്‍ മറ്റ് പല പ്രശ്നങ്ങളിലും പെടുകയും ഈ രണ്ടു പേര്‍ മുറിയില്‍ പെട്ടുപോകുകയും ചെയ്യുന്നു. ഷട്ടറും അഭിസാരികയും തമ്മില്‍ പല കാരണങ്ങളില്‍ ബന്ധപ്പെട്ടു കിടക്കുന്നു. ദിനം വന്നു പോകുന്ന ആളുകളാണ് രണ്ട് ജീവീതങ്ങളിലും. ഷട്ടര്‍ നിശബ്ദമായി നിലകൊള്ളുമ്പോള്‍ അഭിസാരിക സന്ദര്‍ഭോചിതമായി പ്രതികരിക്കുന്നു. അഭിസാരികയെ അവളുടെ എല്ലാ സ്വാഭാവികതയോടെയും അവതരിപ്പിക്കാന്‍ സജിത മഠത്തിലിന് സാധിച്ചു.  മികച്ച സഹനടിക്കുള്ള  സംസ്ഥാന അവാര്‍ഡും സജിത എന്ന നാടക പ്രതിഭയുടെ അഭിനയത്തിനു ലഭിച്ചു.

കഥയുടെ ലാളിത്യത്തിലും മിശ്രവികാരങ്ങളുടെ ഒരു സങ്കീര്‍ണ്ണത സിനിമയില്‍ ഉടനീളമുണ്ട്.ആ സങ്കീര്‍ണ്ണതയാണ് ഉടനീളം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു ടകം.സിനിമയുടെ അന്ത്യത്തില്‍ ഷര്‍ട്ടിലെ പൂക്കളെപ്പറ്റി നായിക പറയുന്ന വാക്കുകളിലും ഒരു നഷ്ടപ്രണയം എന്ന വികാരം ഒളിഞ്ഞുകിടപ്പുണ്ട്.

IFFKയുടെ ജനങ്ങള്‍ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജതചകോരം ഷട്ടര്‍ നേടി. ശരിക്കും ഷട്ടര്‍ സംവിധായകന്‍റെ സിനിമയാണ്. ജോയ് മാത്യുവിനെ എത്ര പ്രശംസിച്ചാലും അധികമാവില്ല. ഇത്ര നിസ്സാരം എന്ന് സിനിമ കാണാത്ത ഒരാള്‍ക്ക് തോന്നിക്കുന്ന സിനിമയുടെ കഥ പക്ഷെ, ഒരു ചെറിയ മടുപ്പ് പോലും പ്രേക്ഷകന് നല്‍കുന്നില്ല. ക്ലൈമാക്സില്‍ എന്തു സംഭവിക്കുമെന്ന ആകാംക്ഷ നമ്മെ തീയറ്ററില്‍ പിടിച്ചിരുത്തുന്നുണ്ട്. തികച്ചും നിരുപദ്രവകരവും ആരോഗ്യകരവുമാണ് ഷട്ടറിലെ ആക്ഷേപഹാസ്യം. എന്തുകൊണ്ടും 2013ല്‍ മലയാളിക്ക് പ്രതീക്ഷിക്കാതെ ലഭിച്ച ഒരു മികച്ച സിനിമയാണ് ഷട്ടര്‍.

0 comments:

Post a Comment