Thursday, August 22, 2013

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി


      ദുൽക്കർ സൽമാനെ ശ്രദ്ധിക്കൂ. അദ്ദേഹം ചെയ്യുന്ന ഓരോ സിനിമയിലും എന്തെങ്കില്മ് വ്യത്യസ്തതയുണ്ട്. നീലാകാശത്തിലെ "കാസി"യും അത്തരത്തിൽ ഒരു വ്യത്യസ്തതയാണ്. ഈ സിനിമ എന്നെ ആകർഷിച്ചത് അതിന്റെ കഥ കൊണ്ടല്ല. നഷ്ടപ്രണയത്തെ അന്വേഷിച്ചു പോകുന്ന കഥാപാത്രങ്ങളെയും സിനിമകളും നമ്മൾ മുമ്പും കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ കഥ പറയുന്ന രീതിയിൽ പുതുമയുണ്ട്. ഒരു പക്ഷെ, പാരമ്പര്യവാദികൾക്ക് ദഹിക്കാത്ത ഒരു പുതുമ.

      സമീർ താഹിർ എന്ന സംവിധായകൻറെ ആദ്യ സിനിമ നമ്മൾ കണ്ടതാണ്. ഒരുപാട് നല്ല അഭിപ്രായങ്ങൾ നേടിയ ചാപ്പാക്കുരിശ് അത്ര തന്നെ വിമർശനവും നേടി. കഥ പറയുന്ന രീതിയിലെ വ്യത്യസ്തത സമീർ ഈ സിനിമയിലും തുടരുന്നുണ്ട്. എടുത്തുപറയത്തക്ക മികവുള്ള ഫ്രെയ്മുകളിലൂടെ റോഡ്‌ രംഗങ്ങൾ ചിത്രീകരിച്ച അദ്ദേഹത്തെ പ്രശംസിക്കാതെ വയ്യ. ചില രംഗങ്ങളിൽ കാണുന്ന ഗ്രാഫിക്സ് സിനിമയിൽ മനോഹരമായ ഫ്രെയ്മുകൾ സൃഷ്ടിച്ചിരിക്കുന്നു.

      Life Is A Long Journey. Go Through It And You Get Past All Your Confusions. ഇങ്ങനെയൊരു സന്ദേശം പകർന്നു തരുന്നുണ്ട് പ്രേക്ഷകന് ഈ സിനിമ. സഞ്ചാരത്തിന്റെ ഓരോ ദിശയിലും കാസിയുടെ ചിന്തകളിലും ദിശാമാറ്റം ഉണ്ടാവുന്നുണ്ട്. "വേണ്ട, ഞാനൊറ്റയ്ക്ക് മതി" എന്ന് പറഞ്ഞിട്ടും ഒപ്പം കൂടുന്ന ആത്മസുഹൃത്ത് "സുനി"(സണ്ണി വെയ്ൻ) സിനിമയിലെ സംഭവവികാസങ്ങളിൽ വലിയ പങ്ക് വഹിക്കുന്നു. കൃത്രിമത്വമില്ലാത്ത അഭിനയത്തിലൂടെ സണ്ണി ആ കഥാപാത്രത്തെ അനസ്വരമാക്കിയിട്ടുമുണ്ട്.

      മലയാളത്തിൽ ഇതിനു മുമ്പും അന്യഭാഷാ നായികമാർ വന്നിട്ടുണ്ടെങ്കിലും മികച്ച അഭിനയത്തിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റാൻ നായികമാരായ സുർജ്ജ ബാലയ്ക്കും(അസ്സി) ഈന സഹയ്ക്കും(ഗൗരി) പലോമ മോനപ്പയ്ക്കും(ഇഷിത) സാധിച്ചിട്ടുണ്ട്. 

      അവിയൽ ബാൻഡിൽ നിന്നും സിനിമയിലേക്ക് കടന്നുവന്ന റെക്സ് വിജയൻറെ മൂന്നാമത്തെ സിനിമയാണിത്. ചാപ്പാക്കുരിശിലെയും 22FKയിലേയും ഗാനങ്ങൾ പോലെ ഇമ്പമുള്ളതാണ് നീലാകാശത്തിലെയും ഗാനങ്ങൾ. യാത്രയുടെ താലത്തിനോടോത്തു പോകുന്നു ഓരോ പാട്ടുകളും.

      മാറ്റങ്ങൾ സ്വീകരിക്കുന്ന മലയാളിക്ക് ഒരു മുതൽക്കൂട്ടാണ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. വികാരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും വ്യത്യസ്ത ജീവിതങ്ങളുടെയും നേർഭാവങ്ങൾ പകർന്നു തരുന്ന ഈ സിനിമ ഒരു എന്റർറ്റെയ്നർ എന്നതിലുപരി ഒരുപാട് പാഠങ്ങളും അനുഭവങ്ങളും പ്രേക്ഷകന് പകർന്നു നല്കുന്നു.

0 comments:

Post a Comment